ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 9 February 2014

കുട്ടികള്‍ ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നു...


ഫോട്ടോ കണ്ട് ഇതൊരു നാടകക്യാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്.സാമൂഹ്യശാസ്ത്രക്ലാസ്സാണ്.ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു പീരിയഡ്.
ഗോപാലേട്ടന്റെ ജീവിതമാണ് കുട്ടികള്‍ നാടകമാക്കി കളിക്കുന്നത്.ഗോപാലേട്ടനായി രൂപം മാറാന്‍ അവര്‍ക്കു പത്തു മിനിട്ടു സമയം മാത്രമേ വേണ്ടു..കുട്ടികള്‍ക്ക് ഒരു ഷാളോ ലുങ്കിയോ തുണിക്കഷണമോ മതി കഥാപ്പാത്രങ്ങളായി മാറാന്‍. ഡസ്ക്കും ബെഞ്ചും പുതപ്പും പായയും ഉപയോഗിച്ച് അവര്‍ രംഗം സജ്ജീകരിക്കുന്നു.

ആരാണീ ഗോപാലേട്ടന്‍?
ഏഴാം ക്ലാസ്സിലെ കൈകോര്‍ത്തു മുന്നേറാം എന്ന പാഠഭാഗത്തിലെ ഒരു കഥാപ്പാത്രം.താഴ്ന്ന ഇടത്തരം കുടുംബത്തിലെ ഒരംഗം.ജീവിതം തള്ളിനീക്കാന്‍ പെടാപാടുപെടുന്ന സത്യസന്ധനായ ഒരു മനുഷ്യന്‍.കടം കയറി വീടും പുരയിടവും ജപ്തിചെയ്യാന്‍ വരുന്നതറിഞ്ഞ് ആത്മഹത്യചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരാള്‍.
കുട്ടികള്‍ എന്തിനാണ് ഗോപാലേട്ടന്റെ ജീവിതം പഠിക്കുന്നത്?
സാമ്പത്തികമായ അസമത്വങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് തിരിച്ചറിയാനും ദാരിദ്ര്യം മനുഷ്യജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തുന്നുവെന്ന് മനസ്സിക്കാനും.
പാഠത്തിന്റെ തുടക്കത്തില്‍ ഗോപാലേട്ടന്റെ ജീവിത സന്ദര്‍ഭങ്ങള്‍ വിശദമാക്കുന്ന നാല് കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ കൊടുത്തിട്ടുണ്ട്.ഇതുവായിച്ച് ഇതിനെ നാടകമാക്കിക്കോളൂ എന്നു പറഞ്ഞാല്‍ കുട്ടികള്‍ നാടകമാക്കും. പക്ഷേ, നന്നാവില്ല.പഠനം നടക്കില്ല.

കുട്ടികള്‍നാടകം കളിക്കുന്നത്ഗോപാലേട്ടനെക്കുറിച്ച് പഠിക്കാനാണ്.നാടകം നന്നാവണമെങ്കില്‍ കുട്ടികള്‍ ഗോപാലേട്ടനെക്കുറിച്ച് ആലോചിക്കണം.അയാളുടെ മനസ്സിലേക്കു കടക്കണം.ഇത്ര
ചെറിയകുട്ടികള്‍ക്ക് അതിനു കഴിയുമോയെന്ന് നാം സംശയിക്കും. പക്ഷേ, കഴിയും.അവരുടെ ചിന്തയെ തൊട്ടുണര്‍ത്തിയാല്‍.അവരുടെ മനസ്സിനെ പിടിച്ചു കുലുക്കിയാല്‍.അതിനു ചില പ്രവര്‍ത്തനങ്ങളിലേക്കു കുട്ടികളെ നയിക്കണം.അത് എന്തൊക്കെയാണെന്ന് നോക്കാം.
ക്ലാസിനു നടുക്കുള്ള സ്ഥലത്ത് കുട്ടികള്‍ പരസ്പരം തൊടാതെ നടക്കുന്നു.അവര്‍ക്കു ചുറ്റുമുള്ള ഒരു കഥാപ്പാത്രത്തിന്റെ പേര് ഞാന്‍ വിളിച്ചു പറയുന്നു.

തെങ്ങുകയറ്റക്കാരന്‍ കുമാരേട്ടന്‍

കുട്ടികള്‍ പെട്ടെന്ന് കുമാരേട്ടനായി ഫ്രീസ് ചെയ്യുന്നു.
ഒരു നിമിഷനേരത്തേക്കു ക്ലാസ് നിശബ്ദം.എവിടയോ കണ്ടുമറന്ന ഒരു തെങ്ങുകയറ്റതൊഴിലാളിയായി കുട്ടികള്‍ രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

വീണ്ടും നടക്കുന്നു.കുട്ടികളുടെ പൊട്ടിച്ചിരി.
ഇതുപോലെ മറ്റു ചില കഥാപ്പാത്രങ്ങളുടെ പേരുകള്‍.....
കൃഷിക്കാരന്‍ നാരായണേട്ടന്‍
അടയ്ക്കാപൊളിക്കുന്ന ശശിയേട്ടന്‍
മീന്‍കാരി കല്ല്യാണിയേച്ചി
കള്ളുകുടിയന്‍ രാഘവേട്ടന്‍...
നടക്കുന്നതിനിടയില്‍ കുട്ടികള്‍ ഓരോതവണയും ഫ്രീസ് ചെയ്യുന്നു.ഒടുവില്‍
കൂലിപ്പണിക്കാരന്‍ ഗോപാലേട്ടന്‍...

കുട്ടികള്‍ ഒരു നിമിഷം ആലോചിക്കുന്നു.ഗോപാലേട്ടനായി
ഫ്രീസ് ചെയ്യുന്നു.

കുട്ടികള്‍ നിലത്ത് വൃത്താകൃതിയിലിരിക്കുന്നു.കൂലിപ്പണിക്കാരന്‍ ഗോപാലേട്ടനെ പരിചയമുണ്ടോ എന്ന് ചോദിക്കുന്നു.കുട്ടികള്‍ ഇല്ലെന്നു പറയുന്നു.നിങ്ങള്‍ ഗോപാലേട്ടനായപ്പോള്‍ ആരായിരുന്നു മനസ്സില്‍?
കുട്ടികള്‍ അവര്‍ക്കു പരിചയമുള്ള കൂലിപ്പണിക്കാരായ ചിലരുടെ പേരുകള്‍ പറയുന്നു.
ശരിക്കും ഗോപാലേട്ടന്‍ ആരാണ്?
പാഠപുസ്തകം നോക്കുന്നു.ഗോപാലേട്ടന്റെ ജീവിതം എന്ന തലക്കെട്ടില്‍ കൊടുത്ത നാലു കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ വായിക്കുന്നു.ചര്‍ച്ചചെയ്യുന്നു.
  • ആരാണ് ഗോപാലേട്ടന്‍?
  • ഗോപാലേട്ടന് എത്ര പ്രായം കാണും?
  • ഗോപാലേട്ടന്റെ കുടുംബം?ഭാര്യ, മക്കള്‍...?
  • അദ്ദേഹത്തിന്റെ സന്തോഷം? പ്രയാസം..?
  • ഇനി ഗോപാലേട്ടന്റെ ജീവിതത്തില്‍ ഉണ്ടാകാന്‍പോകുന്ന പ്രതിസന്ധി എന്തായിരിക്കും?
    കുട്ടികളെ നാലു ഗ്രൂപ്പുകളാക്കുന്നു.ഓരോഗ്രൂപ്പിനും ഓരോ സ്ട്രിപ്പുകള്‍ നല്‍കുന്നു.ഗോപാലേട്ടന്റെ ജീവിതത്തിലെ ഈ സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കണം.പ്രധാന ആശയം ചോര്‍ന്നുപോകാതെ. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.
    പ്ലാനിങ്ങിനു പതിനഞ്ചുമിനുട്ട് സമയം അനുവദിക്കുന്നു.

    കുട്ടികള്‍ ഗ്രൂപ്പില്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.കഥാപ്പാത്രങ്ങള്‍ ആരൊക്കെ? എന്തൊക്കെ സംഭവങ്ങള്‍? എവിടെയാണ് നടക്കുന്നത്?പിന്നീട് കഥാപ്പാത്രങ്ങളെ നിശ്ചയിച്ചു.ചില ഗ്രൂപ്പില്‍ ഇതു തര്‍ക്കങ്ങള്‍ക്കു വഴിവെച്ചു.ചിലര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്ത് തര്‍ക്കങ്ങള്‍ക്കു പരിഹാരവും കണ്ടെത്തി.കഥാപ്പാത്രങ്ങളുടെ സംഭാഷണങ്ങളെക്കുറിച്ച് ചി
    ല ധാരണകളില്‍ എത്തിച്ചേര്‍ന്നു.
    അവതരണത്തിനുള്ള സമയമായി.ക്ലാസില്‍ ലഭിക്കുന്നതെന്തും അവര്‍ വേഷവിതാനത്തിനായി ഉപയോഗിച്ചു.തുണിക്കഷണങ്ങള്‍ മുതല്‍ മേശവിരി വരെ.ഇന്‍സ്ട്രുമെന്‍റ്ബോക്സു്മുതല്‍ ചൂല് വരെ അവര്‍ പ്രോപ്പര്‍ട്ടികളാക്കി.ബെഞ്ചും ഡസ്ക്കും മേശവിരിയും ഉപയോഗിച്ച് അവര്‍ ഗോപാലേട്ടന്റെ വീടുണ്ടാക്കി.അപ്പോഴാണ് രണ്ടാം ഗ്രൂപ്പിന്റെ സംശയം.

    കോണ്‍ഗ്രീറ്റ് വീടാണ് ഞങ്ങള്‍ക്കു വേണ്ടത്.ഇതെങ്ങനെ ശരിയാകും?

    കടം വാങ്ങി വീട് പുതുക്കിപണിത ഗോപാലേട്ടന്റെ പ്രതിസന്ധികളാണ് രണ്ടാം ഗ്രൂപ്പ് അവതരിപ്പിക്കേണ്ടത്.
    അഭിജിത്ത് അതിനു പരിഹാരം നിരദ്ദേശിച്ചു.
    "നമുക്ക് പുല്ലുപായ മുകളില്‍ വലച്ചുകെട്ടാം.അപ്പോള്‍ അത് കോണ്ക്രീറ്റുപോലെ തോന്നിക്കും.”
    അവരങ്ങനെ ചെയ്യുകയുംചയ്തു.
    അങ്ങനെ നാടകാവതരണം തുടങ്ങി.

    നാലുഗ്രൂപ്പിലെയും നാലു ഗോപാലേട്ടന്‍മാര്‍.അവരുടെ നാലുഭാര്യമാര്‍. അവരുടെ മക്കള്‍..ഒരുഗ്രൂപ്പ് അവസാനിപ്പിച്ചിടത്തുനിന്ന് മറ്റൊരുഗ്രൂപ്പ് തുടങ്ങുന്നു.ഗോപാലേട്ടന്റെ സ്വപ്നങ്ങള്‍,പ്രതീക്ഷകള്‍,പ്രയാസങ്ങള്‍...കുട്ടികള്‍ ഭംഗിയായി ഇംപ്രൊവൈസ് ചെയ്തു.ഇംപ്രൊവൈസ് ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിച്ചിരിക്കുന്നതായി എനിക്കുതോന്നി..ഇംപ്രൊവൈസ് ചെയ്യണമെങ്കില്‍ നല്ല ഭാവന വേണം.
    ഓരോഗ്രൂപ്പിന്റെയും അവതരണം എത്രത്തോളം നന്നായി?എന്തോക്കെയായിരുന്നു അവരുടെ ഗുണങ്ങള്‍?പോരായ്മകള്‍?പ്രധാന ആശയത്തോട് അവര്‍ എത്രത്തോളം നീതിപുലര്‍ത്തി?
    ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നതാണ് അടുത്തഘട്ടം.
    വിലയിരുത്തുന്നതിനുമുമ്പ് ഓരോ ഗ്രൂപ്പിനും കൂടിയാലോചിക്കാനുള്ള സമയം നല്‍കി.തുടര്‍ന്ന് ഗ്രൂപ്പിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.ഏതു ഗ്രൂപ്പിന്റെ അവതരണത്തെയാണോ വിലയിരുത്തിയത് ആ ഗ്രൂപ്പിന് മറുപടി പറയാന്‍ അവസരം നല്കി.
    ഇനി ഗോപാലേട്ടന്റെ ജീവിതം ഒരിക്കല്‍കൂടി അപഗ്രഥിക്കണം.

    കുട്ടികള്‍ വീണ്ടും പാഠഭാഗത്തേക്കു വന്നു.ഗോപാലേട്ടന്റെ ജീവിതവുമായി ബന്ധപ്പെട്ട് പാഠഭാഗത്തു നല്‍കിയ ചോദ്യങ്ങള്‍ വിശകലനം ചെയ്തു.
    • വരുമാനത്തില്‍ കൂടുതല്‍ കടം വാങ്ങി ആധുനിക സുഖസൗകര്യങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്നതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
    വളരെ പ്രധാനപ്പെട്ട ചോദ്യം.ഈ ചോദ്യത്തോടുള്ള പ്രതികരണം കുട്ടികളുടെ ഹൃദയത്തില്‍ നിന്നു വരണം.അതിനു വേണ്ടിയാണ് കുട്ടികള്‍ ഇതുവരെ ഗോപാലേട്ടന്റെ ജീവിതം പഠിച്ചത്.ഗോപാലേട്ടനായി അവര്‍ രൂപാന്തരപ്പെട്ടത്.
     
    സാമൂഹ്യശാസ്ത്രക്ലാസ് സര്‍ഗാത്മകമാകുന്നതെപ്പോള്‍ ?

    ക്ലാസുമുറിയില്‍ കുട്ടിക്ക് ആത്മാവിഷ്ക്കാരത്തിനുള്ള അവസരം വേണം.ചിത്രംവരയിലൂടെ,അഭിനയത്തിലൂടെ,കളിയിലൂടെ,വിവിധ രചനകളിലൂടെ...എങ്കിലേ ക്ലാസ്സുമുറി കുട്ടിയുടേതാകൂ.അവന്റെ മനസ്സ് ശാന്തമാകൂ.

    അവന്റെ ചിന്തകളെ കൂടു തുറന്നു വിടണം.എങ്കിലേ അവന്‍ പഠനത്തിന്റെ അടുത്ത പടി കയറൂ.

    അവന്റെ വികാരങ്ങളെ തൊടാന്‍ കഴിയണം.എങ്കിലേ അവന് പഠനം അര്‍ത്ഥവത്തായി തോന്നൂ.

    അവന്റെ നിലപാടുകളെ നിര്‍ഭയം അവതരിപ്പിക്കാന്‍ കഴിയണം.എങ്കിലേ അവന്‍ വ്യക്തിത്വമുള്ളവനായി വളരൂ.

    ക്ലാസ്സുമുറി അവനെ പ്രചോദിപ്പിക്കണം.എങ്കിലേ അവന്റെ ഭാവനയ്ക്കു ചിറകുമുളയ്ക്കൂ......

    എം എം സുരേന്ദ്രന്‍

    (തുടരും..)

2 comments:

  1. കുട്ടിയുടെ നിലപാടുകളെ നിര്‍ഭയം അവതരിപ്പിക്കാന്‍ കഴിയണം. എങ്കിലേ അവന്‍/ള്‍ വ്യക്തിത്വമുള്ളവരായി വളരൂ.

    ReplyDelete
  2. സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ വേറിട്ട അന്വേഷണം ശ്രദ്ധേയമാണ്."ക്ലാസുമുറിയില്‍ കുട്ടിക്ക് ആത്മാവിഷ്ക്കാരത്തിനുള്ള അവസരം വേണം.ചിത്രംവരയിലൂടെ,അഭിനയത്തിലൂടെ,കളിയിലൂടെ,വിവിധ രചനകളിലൂടെ...എങ്കിലേ ക്ലാസ്സുമുറി കുട്ടിയുടേതാകൂ.അവന്റെ മനസ്സ് ശാന്തമാകൂ...."
    സാമൂഹ്യ ശാസ്ത്ര പഠന ക്ലാസ്സിലെ അറിവ് നിര്‍മാണ പ്രക്രിയയുടെ സര്‍ഗാത്മക തലം എനിക്ക് ഒരുപാട് തിരിച്ചറിവുകള്‍ തരുന്നു.കാനത്തൂര്‍ പെരുമ ചരിത്രത്തിലെ ഒരു പുതിയ താള്‍ !!! ..അടുത്ത അക്കാദമിക വര്ഷം സ്വപ്നം കണ്ടു തുടങ്ങുമ്പോള്‍ ഒരു ഊര്‍ജമായി കാനത്തൂര്‍ പെരുമകള്‍ !!!മരുഭൂമിയിലെ മരുപ്പച്ച പോലെ മനസ്സ് ചേര്‍ത്ത് വച്ചോട്ടെ.....സ്കൂളില്‍ വരണമെന്നുണ്ട് .

    ReplyDelete