ദിവസവും ഒന്നാം ക്ലാസ്സില്‍ കുട്ടികള്‍ ചിത്രം വരക്കുന്നത് കാണാം.കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ശാന്ത ടീച്ചര്‍ ഭംഗിയായി ഡിസ്പ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ചിലപ്പോള്‍ കുട്ടികള്‍ നിലത്ത് കളര്‍ചോക്കുകൊണ്ടായിരിക്കും വരച്ചിട്ടുണ്ടാകുക.
കുട്ടികളുടെ
വര നോക്കിനില്‍ക്കുക
രസകരമാണ്.അവരുടെ
കുഞ്ഞുഭാവനകള്‍ നമ്മുടെ
മനസ്സില്‍ സന്തോഷം നിറയ്ക്കും.വരയിലെ
ലാളിത്യം,കടുത്ത
നിറങ്ങള്‍,വരച്ചിരിക്കുന്ന
രീതി..
കുട്ടികളുടെ
പോര്‍ട്ട്ഫോളിയോയില്‍ ധാരാളം
ചിത്രങ്ങള്‍ കാണാം.ഓരോ
യൂനിറ്റിലും അവര്‍ വരച്ച
ചിത്രങ്ങള്‍ ടീച്ചര്‍
തീയ്യതിയിട്ട് അടുക്കിവെച്ചിരിക്കുന്നു.
നീണ്ടകാലും
കുറിയ വാലുമുള്ള പൂച്ചക്കുഞ്ഞ്,തടിച്ച
ഉടലും കുഞ്ഞിച്ചിറകുമുള്ള
പൂമ്പാറ്റകള്‍,നീണ്ടുമെലിഞ്ഞ
ആന,ആകാശത്തിലൂടെ
ഒഴുകിനടക്കുന്ന മരങ്ങള്‍...
കുട്ടി
വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക്
യഥാര്‍ത്ഥ വസ്തുവുമായി
സാമ്യമുണ്ടാകണമെന്നില്ല.നാച്വറലിസം
കുട്ടികള്‍ക്കു വഴങ്ങില്ല.ചിത്രം
സിംബോളിക്ക് ആയിരിക്കും.കുട്ടി
ആന എന്നു പറഞ്ഞ് വരയ്ക്കുന്ന
ചിത്രത്തിനു ആനയുമായി
സാമ്യമുണ്ടാകണമെന്നില്ല.അവള്‍
വരയ്ക്കുന്നത് ആനയെക്കുറിച്ച്
അവളുടെ മനസ്സിലുള്ള
ധാരണ(concept)കളാണ്.ഒരു
പൂവ് കാണിച്ച് അതു നോക്കി
വരയ്ക്കാന്‍ പറഞ്ഞാല്‍ കുട്ടി
വരയ്ക്കും.
പക്ഷേ
ആ പൂവുമായി ചിത്രത്തിനു ഒരു
സാദൃശ്യവും കാണില്ല.
കുട്ടിവരയ്ക്കുന്നത്
പൂവിനെക്കുറിച്ചുള്ള അവളുടെ
മനസ്സിലെ ആശയങ്ങളാണ്.അതു
ചിലപ്പോള്‍ അമൂര്‍ത്തമാകാനും
മതി.അതുകൊണ്ടാണ്
ഒരു വീടുവരയ്ക്കുന്ന കുട്ടി
മുറിക്കകത്തുള്ള ആളുകളെയും
വരച്ചുവെക്കുന്നത്.വരയ്ക്കുമ്പോള്‍
ചില ഭാഗങ്ങള്‍ വിട്ടുപോകും.തലയോട്
ബന്ധിപ്പിച്ച് ഉടല്‍ വരയ്ക്കും.
കഴുത്ത്
ഉണ്ടാവണമെന്നില്ല.കൈ
ചിലപ്പോള്‍ തലയില്‍ നിന്നായിരിക്കും
പുറപ്പെടുക.കണ്ണിന്റെ
സ്ഥാനത്തായിരിക്കും മൂക്ക്.വായ
മൂക്കിന്റെ സ്ഥാനത്തും.
എത്ര
വ്യത്യസ്തമായ രീതിയിലാണ്
കുട്ടികള്‍ സൈക്കിളിനെ
ആവിഷ്കരിച്ചിരിക്കുന്നത്!
കുട്ടികളുടെ
വരയും അവന്റെ ഭാഷാശേഷികളും
തമ്മില്‍ ബന്ധമുണ്ടോ?
തീര്‍ച്ചയായും
ബന്ധപ്പെട്ടിരിക്കുന്നുവെന്ന്
കാണാം.
സൈക്കിള്‍
വരച്ചിരിക്കുന്ന അനിത്ത്
എന്ന കുട്ടിയെക്കുറിച്ച്
ടീച്ചര്‍ പറയുന്നതിങ്ങനെ:
അവന്‍
എഴുതുന്നതില്‍ അക്ഷരത്തെറ്റ്
ധാരാളമുണ്ട്.വായനയിലും
പ്രയാസമുണ്ട്.ഒഴുക്കോടെ
സംസാരിക്കാന്‍ അവന്
കഴിയില്ല.ഇടക്കിടെ
തടസ്സം വരും..
രണ്ടാമത്തെ
ചിത്രം വരച്ച ശ്രീനിധിനെക്കുറിച്ച്
ടീച്ചര്‍ പറയുന്നത് നോക്കൂ..
അവന്
തെറ്റുകൂടാതെ എഴുതാനും
വായിക്കാനും കഴിയും.
വിവരണവും
മറ്റും എഴുതിയാല്‍ അതില്‍
നല്ല ആശയവും കാണും.നന്നായി
കാര്യങ്ങള്‍ സംസാരിക്കും.
ഇനി
ദേവീകൃഷ്ണ വരച്ച വെളുമ്പിക്കോഴിയുടെ
ചിത്രം നോക്കൂ.
പിടക്കോഴിയെക്കുറിച്ചുള്ള
കുട്ടിയുടെ എന്തൊക്കെ ധാരണകളാണ്
ഈ ചിത്രത്തില്‍നിന്നും
തിരിച്ചറിയാന്‍ കഴിയുക?
കോഴിയുടെ
തലയില്‍ ചുവന്ന പൂവുണ്ട്.അതിന്റെ
കൊക്കിനു മഞ്ഞനിറമാണ്.കൊക്കിനു
കീഴെ ചുവന്ന താടിയുണ്ട്.കാലുകള്‍ക്ക്
മഞ്ഞ നിറമാണ്.പരന്ന
വാലുണ്ട്.ഭംഗിയുള്ള
ആകൃതിയാണ്.അതിന്റെ
ശരീരത്തില്‍ നിറയെ തൂവലുകളുണ്ട്.
അനിത്ത്
വരച്ച വെളുമ്പിക്കോഴിയുടെ
ഈ ചിത്രം കൂടി നോക്കൂ.
കോഴിയുടെ
ചുവന്നപൂവ് കുട്ടിയുടെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.എന്നാല്‍
അതിനു നാലു കാലുകളാണ്.അതിന്റെ
ആകൃതി,വാലിന്റെ
പ്രത്യേകത എന്നിവയൊന്നും
കുട്ടിയുടെ നിരീക്ഷണത്തില്‍
പെട്ടിട്ടില്ല.
ദേവീകൃഷ്ണ
ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍
കഴിയുന്ന കുട്ടിയാണ്.എന്നാല്‍
അനിത്തിന് നേരത്തെ സൂചിപ്പിച്ചതുപോലെ
ചില്ലറ പ്രയാസങ്ങളുണ്ട്.അതവന്റെ
ചിത്രത്തില്‍ പ്രതിഫലിക്കുന്നുമുണ്ട്.
അച്ചുവിന്റെ
സക്കൂള്‍ എന്ന പാഠത്തിലെ
അച്ചുവിനെയും കടുംബത്തെയും
വരച്ചിരിക്കുകയാണ് അഭിജിത്ത്യ.
അഭിജിത്ത്യയുടെ
ചിത്രം നിരീക്ഷിച്ചാല്‍
നമുക്ക് ചിലകാര്യങ്ങള്‍
കണ്ടെത്താം.
മനുഷ്യരൂപം
വരക്കുന്നതില്‍ അഭിജിത്യയ്ക്ക്
പ്രയാസമുണ്ട്.മുഖത്ത്
കണ്ണും മൂക്കും മാത്രമേയുള്ളു.കഴുത്തില്ല.
കൈകള്‍
തലയില്‍ നിന്നാണ്
പുറപ്പെടുന്നത്.കൈകാലുകളിലെ
വിരലുകളും മറ്റും വേണ്ടത്ര
വ്യക്തതയോടെയല്ല
വരച്ചിരിക്കുന്നത്.വൃത്താകൃതി
വരക്കാന്‍ കുട്ടിക്ക്
പ്രയാസമുണ്ട്.
അഭിജിത്യയെക്കുറിച്ച്
ടീച്ചര്‍ പറയുന്നത് ഇങ്ങനെ:
ശക്തമായി
മനസ്സില്‍ പതിഞ്ഞ ചില വാക്കുകള്‍
മാത്രമേ അവള്‍ക്ക് എഴുതാന്‍
കഴിയുന്നുള്ളു.വാഴ,മഴ,
ആന
...തുടങ്ങിയ
വാക്കുകള്‍.അക്ഷരങ്ങളെ
വേര്‍തിരിച്ചറിയാനോ പുതിയ
വാക്കുകള്‍ എഴുതാനോ അവള്‍ക്ക്
കഴിയുന്നില്ല.
ഇനി
അതുല്‍ വരച്ച ചിത്രം പരിശോധിക്കാം.
മനുഷ്യരൂപങ്ങളിലെ
അവയവം അവയുടെ സ്ഥാനം എന്നിവ
ശരിയായി വരച്ചിരിക്കുന്നു.കഴുത്ത്,ചെവി,കൈകളിലെ
വിരലുകള്‍ എന്നിവ വരച്ചിരിക്കുന്നത്
നോക്കുക.മനുഷ്യരൂപത്തെക്കുറിച്ചുള്ള
കുട്ടിയുടെ ധാരണ കുറേക്കൂടി
സൂക്ഷമമാണെന്ന് ഈ ചിത്രത്തില്‍
നിന്നും മനസ്സിലാക്കാം.
അതുലിനെക്കുറിച്ച്
ടീച്ചറുടെ കുറിപ്പ് ഇങ്ങനെ.
അതുല്‍
ഒഴുക്കോടെ വായിക്കാനും
അക്ഷരെതെറ്റുകൂടാതെ എഴുതാനും
തുടങ്ങയിരിക്കുന്നു.അവന്‍
നന്നായി സംസാരിക്കും.ചെറിയ
കഥാപുസ്തങ്ങളും മറ്റും
വായിച്ച് അതിലെ ആശയം
മനസ്സിലാക്കും.......
ഇതില്‍നിന്നും
ചിത്രംവര കുട്ടിയുടെ ഭാഷാശേഷിയുടെ
വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്
നമുക്ക് നിസംശയം പറയാം.മൂന്നു
മൂന്നര വയസ്സാകുമ്പോഴാണ്
കുട്ടി വരയ്ക്കാന്‍
തുടങ്ങുന്നത്.അപ്പോഴേക്കും
അവന്‍ സംസാരിക്കാന്‍
തുടങ്ങിയിരിക്കും.ആദ്യം
നീണ്ട വരകളായിരിക്കും.വളഞ്ഞും
പുളഞ്ഞും പോകുന്ന വരകള്‍.പതുക്കെ
വൃത്താകൃതിയിലുള്ള രൂപങ്ങള്‍
വരയില്‍ പ്രത്യക്ഷപ്പെടാന്‍
തുടങ്ങും.വരയുടെ
അടുത്ത ഘട്ടമാണിത്.വരച്ചത്
എന്താണെന്നു ചോദിച്ചാല്‍
ഇതെന്റെ അമ്മയാണെന്നോ,പാവക്കുട്ടിയാണെന്നോ
മറ്റോ ആയിരിക്കും കുട്ടി
പറയുക.
തന്റെ
ചുറ്റുമുള്ള വസ്തുക്കളുടെ
പ്രത്യേകതകള്‍
(ആകൃതി,നിറം,മണം,രുചി..)തിരിച്ചറിയാന്‍
തുടങ്ങുന്നതോടെയാണ് കുട്ടിയുടെ
വരയില്‍ രൂപങ്ങള്‍
പ്രത്യക്ഷപ്പെടുന്നത്.വസ്തുക്കളെക്കുറിച്ചുള്ള
കുട്ടിയുടെ ധാരണ(concept)കളാണ്
വരയില്‍ പ്രത്യക്ഷപ്പെടുക.ചിത്രത്തിനു
വസ്തുക്കളുമായി
സാമ്യമുണ്ടാകണമെന്നില്ല.കുട്ടിയോട്
ചോദിച്ചാല്‍മാത്രമേ അവള്‍
എന്താണ് വരച്ചതെന്ന് നമുക്ക്
മനസ്സിലാകൂ.എങ്കിലും
വസ്തു കുട്ടിയുടെ മനസ്സില്‍
പതിപ്പിച്ച ഇമേജിന്റെ ചില
പ്രത്യേകതകള്‍ ചിത്രത്തില്‍
നിഴലിച്ചിരിക്കുന്നത് കാണാം.
സംസാരഭാഷയ്ക്കൊപ്പം
എഴുത്തുരൂപവും സ്വായത്തമാക്കാന്‍
തുടങ്ങുന്നതോടെയാണ് കുട്ടിയുടെ
വരയില്‍ പ്രകടമായ മാറ്റം
ദൃശ്യമാകുന്നത്.കൂടുതല്‍
തെളിമയാര്‍ന്ന ഇമേജുകള്‍
വരയില്‍ പ്രത്യക്ഷപ്പെടും.വസ്തുക്കളുടെ
സൂക്ഷമമായ പ്രത്യേകതകള്‍
വരച്ചിടും.വസ്തുക്കളുടെ
സ്ഥാനം,ആപേക്ഷിക
വലുപ്പം എന്നിവ പരിഗണിക്കും.ഒരു
ബേസ് ലൈനിനെ ആസ്പദമാക്കി
ഇമേജുകള്‍ വിന്യസിക്കും.
ഭാഷ
സ്വായത്തമാക്കലും ചിത്രം
വരയും പരസ്പര പൂരകമാണ്.ചുറ്റുപാടിനെക്കുറിച്ചു
കുട്ടി രൂപീകരിക്കുന്ന ധാരണകളെ
വരയിലൂടെ നിരന്തരം വികസിപ്പിക്കുകയാണ്
അവള്‍ ചെയ്യുന്നത്.വരയിലൂടെ
ആശയങ്ങള്‍ക്ക് മൂര്‍ച്ചവരുത്തുന്നു.ഈ
ആശയങ്ങള്‍ അവളുടെ ഭാഷയെ
തെളിവുറ്റതാക്കുന്നു.
അതുകൊണ്ടാണ്
ഒന്നാം ക്ലാസില്‍ ചിത്രം
വരയ്ക്ക് ധാരാളം അവസരങ്ങള്‍
നല്‍കണമെന്ന് ശാന്ത ടീച്ചര്‍
പറയുന്നത്.കുട്ടികളുടെ
വികാസം അവരുടെ ചിത്രങ്ങളിലൂടെ
നമുക്ക് തിരിച്ചറിയാന്‍
കഴിയും.ഓരോ
ഘട്ടത്തിലും അവര്‍ കോറിയിടുന്ന
വരകള്‍ അവരുടെ വളര്‍ച്ചയുടെയും
വികാസത്തിന്റെയും അടയാളങ്ങളാണ്.
തുടരും...
Good 😊
ReplyDelete