ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 6 June 2015

ഓരോ ദിനവും ഉത്സവമാകുമ്പോള്‍...



…....അവിടെ തുടര്‍ന്നുപഠിച്ച മൂന്നുവര്‍ഷവും ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി.ഓര്‍ത്തെടുക്കാന്‍ ഹൃദ്യമായ ഓരോര്‍മ്മപോലും ബാക്കിയില്ല.പുറത്തെ മൈതാനത്തുമേയുന്ന പുള്ളിപ്പശുക്കള്‍,ചുറ്റിനും കൊത്തിപ്പെറുക്കി നടക്കുന്നമഞ്ഞക്കഴുത്തന്‍ മാടത്തകള്‍,കുറ്റിക്കാട്ടില്‍ പരതുന്ന പന്നിയും കുഞ്ഞുങ്ങളും,വെയില്‍ കാത്തുകിടക്കുന്ന പള്ളിമേടയിലെ പൂച്ചക്കുറിഞ്ഞ്യാല്‍,ഇവരെയൊക്കെ നോക്കിയിരുന്നാണ് ഞാന്‍ വല്ലപാടും സമയം തള്ളിനീക്കിയിരുന്നത്.

അതുവരെ ചങ്ങാതിമാരും കൂടപ്പിറപ്പുകളുമൊത്ത് പറമ്പിലും തോട്ടിലും പാറച്ചെരുവുകളിലും യഥേഷ്ടം വിഹരിക്കുമ്പോള്‍ ജീവിതം ഒറ്റ ദിവസംകൊണ്ടിങ്ങനെ തലകീഴ്മേല്‍ മറിയുമെന്ന് ആരോര്‍ത്തു.തുടക്കംപോല്‍ വിരസമായിരുന്നു ഒടുക്കവും.ശരിക്കും മൂന്നുവര്‍ഷം നീണ്ട ഒരു കാരാഗൃഹവാസം.....

റോസ് മേരി
(തന്റെ ആദ്യ സ്ക്കൂള്‍ അനുഭവത്തെക്കുറിച്ച്)
ദേശാഭിമാനി വാരാന്തപ്പതിപ്പ്,മെയ് 31,2015





പ്രവേശനോത്സവം  വിദ്യാലയങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ,വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യവിസ്മയങ്ങളൊരുക്കി നാം പുതുക്കക്കാരെ വദ്യാലയത്തിലേക്ക് ആനയിച്ചു.പാട്ടുപാടിയും കഥകള്‍ പറഞ്ഞും  കുട്ടികളെ  രസിപ്പിച്ചു.ബലൂണുകളും മിഠായിയും ബാഗും കുടയും പുസ്തകങ്ങളും നല്‍കി നാം അവരെ സന്തോഷിപ്പിക്കാന്‍ പരസ്പരം മത്സരിച്ചു.

ഇനി രണ്ടാം ദിവസമോ?
ക്ലാസിലെത്തിയപ്പോള്‍ കുട്ടികളുടെ ഉത്സാഹം വര്‍ദ്ധിച്ചോ?രാവിലെ മുതല്‍ വൈകുന്നേരംവരെ ക്ലാസില്‍ കൂനിയിരുന്ന് അവര്‍ മടുത്തുപോയോ?അവരുടെ മുഖത്തെ പ്രകാശവും പുഞ്ചിരിയും പതുക്കെ മാഞ്ഞുപോകാന്‍ തുടങ്ങിയോ?
അങ്ങനെയെങ്കില്‍പ്പിന്നെ പ്രവേശനോത്സവംകൊണ്ട് എന്തുഗുണം?


ആദ്യ ദിവസത്തെപ്പോലെ കുട്ടികള്‍ ഓരോ ദിവസവും സന്തോഷിക്കണം. ഓരോ ദിവസവും ക്ലാസുമുറി അവര്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കണം.അവര്‍ക്ക് കളിക്കാന്‍ കഴിയണം.പാട്ടുപാടാന്‍ കഴിയണം.ചിത്രംവരയ്ക്കാനും നിറം നല്‍കാനും കഴിയണം.അവരുടെ കുഞ്ഞുവിരലുകള്‍കൊണ്ട് അവര്‍ എന്തെങ്കിലുമൊക്കെ പെറുക്കിക്കൂട്ടി മനസ്സില്‍ തോന്നുന്നത് സൃഷ്ടിച്ചെടുക്കണം. ചിത്രങ്ങള്‍ നോക്കി അവര്‍ക്ക് കഥകള്‍ മെനയാന്‍ കഴിയണം.അറിയാവുന്ന അക്ഷരങ്ങള്‍ കൊണ്ട് അവര്‍ക്ക് തോന്നുന്നതെല്ലാം എഴുതാന്‍ കഴിയണം.കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ ടീച്ചര്‍ ചെവിയോര്‍ക്കണം.അവരോട് ധാരാളം സംസാരിക്കണം.നല്ലപോലെ ചിരിക്കണം.എങ്കിലേ കുട്ടികള്‍ക്ക്  ആ ക്ലാസ് പ്രയപ്പെട്ടതാകൂ. ടീച്ചര്‍ അവരുടെ സ്വന്തം ടീച്ചറാകൂ.അപ്പോഴാണ് പ്രവേശനോത്സവം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നത്.



ഒന്നാം ക്ലാസിന്റെ ചുമരില്‍ കാട്ടുമൃഗങ്ങളുടേയും പൂമ്പാറ്റകളുടേയും ചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ടാകും.ഭംഗിയുള്ള നിറങ്ങള്‍ കൊടുത്തിട്ടുണ്ടാകും.നല്ലതു തന്നെ.പക്ഷേ,അതുകൊണ്ട് മാത്രമായില്ല.ക്ലാസുമുറിയിലെ പഠനപ്രക്രിയയാണ് പ്രധാനം.കുട്ടികളുടെ പ്രകൃതം തിരിച്ചറിഞ്ഞുകൊണ്ടുള്ള,ഓരോരുത്തരുടേയും പ്രത്യേകതകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള, ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കുന്ന പഠനപ്രക്രിയ.അവിടെ കുട്ടികള്‍ക്ക് പലതും ചെയ്യാനുണ്ടാകും.അവര്‍ സ്വയം ആവിഷ്ക്കരിക്കുമ്പോള്‍ ഏറെ സന്തുഷ്ടരാകും.രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികളെ ചങ്ങലക്കിടുന്ന ക്ലാസുമുറിയില്‍ എത്ര ഭംഗിയുള്ള ചിത്രം വരച്ചുവെച്ചതുകൊണ്ടും കാര്യമില്ല.കുട്ടികളെ സംബന്ധിച്ച് അത് ഒരു തടവറയായിരിക്കും.ആകാശത്തിലൂടെ പറക്കുന്ന പക്ഷികളിലേക്കും കാറ്റിലാടുന്ന മരത്തലപ്പുകളിലേക്കും അവരുടെ കണ്ണുകള്‍ അറിയാതെ നീളും.ക്ലാസും സ്ക്കൂളും അവര്‍ക്ക് പെട്ടെന്ന് മടുക്കും.അവരുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോകും.



ഇനി ഈ ക്ലാസുമുറി നോക്കുക.ഇവിടെ ഓരോ ദിനവും ഉത്സവമാണ്. കുട്ടികളുടെ സന്തോഷം ഇരട്ടിച്ചിരിക്കുന്നു.വേഗം മണിയടിക്കല്ലേ എന്നാണ് കുട്ടികളുടെ പ്രര്‍ത്ഥന.കാരണം അവര്‍ക്ക് ക്ലാസില്‍ കളിക്കാം.ഇഷ്ടമുള്ളിടത്ത് ഇരിക്കാം.പാട്ടുപാടാം.കഥ പറയാം.ഉച്ചത്തില്‍ സംസാരിക്കാം.നിലത്ത് ചോക്കുകൊണ്ട് വലിയ ചിത്രങ്ങള്‍ വരയ്ക്കാം.കടലാസുകീറുകയും ചുരുട്ടുകയും പശതേച്ച് ഒട്ടിക്കുകയുമൊക്കെ ചെയ്യാം.കടലാസില്‍ ചിത്രം വരയ്ക്കാം.  നിറം നല്‍കാം.വരച്ച ചിത്രത്തെക്കുറിച്ച് അവര്‍ക്ക് സംസാരിക്കാം.അവരുടെ പറച്ചിലുകള്‍ ടീച്ചര്‍ ശ്രദ്ധയോടെ കേള്‍ക്കും.



ദിവസവും ടീച്ചര്‍ അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കൂം.അവര്‍ക്ക് കഥയിലെ കഥാപ്പാത്രങ്ങളായി കളിക്കാം.പൂച്ചയും എലികളുമാകാം.പൂച്ചയുടെ കണ്ണ് വെട്ടിച്ച് ഓടിയൊളിക്കുന്ന എലികളാകുമ്പോള്‍ അവര്‍ ആര്‍ത്തുചിരിക്കും.പാമ്പുകളായി ഇഴഞ്ഞ് മാളത്തില്‍ കയറുന്നത് പേടിയോടെയായിരിക്കും.മാളത്തില്‍നിന്ന് പുറത്തിറങ്ങുന്നതോ?തുള്ളിച്ചാടിക്കൊണ്ടും.

ഇടയ്ക്ക് ടീച്ചര്‍ നല്‍കിയ ന്യൂസ് പേപ്പര്‍ ഷീറ്റുകള്‍ കൊണ്ട് അവര്‍ പാമ്പുകളെ ഉണ്ടാക്കുന്നതു കണ്ടു. ഒരു പാട് കുഞ്ഞുപാമ്പുകള്‍. കുഞ്ഞുപാമ്പുകളെ കൂട്ടിച്ചര്‍ത്ത് ഒട്ടിച്ച് വലിയ പാമ്പിനെ ഉണ്ടാക്കിയപ്പോള്‍ കുട്ടികള്‍ വിസ്മയത്തോടെ അതിനെ  നോക്കിനിന്നു.അതിനുശേഷം കുഞ്ഞുവിരലുകള്‍  കൊണ്ട് ചോക്ക് അമര്‍ത്തിപ്പിടിച്ച് നീണ്ടുചുരുണ്ടുകിടക്കുന്ന പാമ്പിനെ വരയ്ക്കാന്‍ തുടങ്ങി.നിലത്ത് മുഴുവന്‍ പാമ്പുകള്‍.പിറ്റേ ദിവസവും അവര്‍ക്ക്  പാമ്പിനെ വരയ്ക്കണം. തന്റെ കുഞ്ഞിനെ അന്വേഷിച്ച് കാട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന അമ്മപ്പാമ്പിനെ.അവര്‍ വരച്ചു. നിറങ്ങള്‍ നല്‍കി.ചിത്രങ്ങള്‍ എല്ലാവരും പരസ്പരം കണ്ടു.പിന്നീട് ഓരോരുത്തരും ചിത്രത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും അവര്‍ കഥകള്‍ മെനഞ്ഞെടുത്തു.തികഞ്ഞ അച്ചടക്കത്തോടെ.തങ്ങളുടെ ഊഴത്തിനുവേണ്ടി കാത്തുനിന്നുകൊണ്ട്.

കേവലമായ എഴുത്തും വായനയും ഗണിതശേഷികളുമൊക്കെ കൈവരിക്കുക എന്നതു മാത്രമല്ല ഈ ക്ലാസുമുറിയുടെ ലക്ഷ്യം.കുട്ടികളുടെ സമഗ്രവികാസമാണ്.കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കണം. ശ്രദ്ധിക്കാനും ഏകാഗ്രതയോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവരുടെ കഴിവ് വികസിക്കണം.ഭാഷ നന്നായി കൈകാര്യംചെയ്യാന്‍ കഴിയണം.അവരുടെ പഞ്ചേന്ദ്രിയങ്ങളുടെ വികാസം ഉറപ്പുവരുത്തണം.കുട്ടികള്‍ ശാരീരികമായ ചലനശേഷികള്‍ കൈവരിക്കണം.വൈജ്ഞാനികവും സാമൂഹികവുമായ അവരുടെ കഴിവുകള്‍ വികസിക്കണം.ഈ വികാസമേഖലകളൊക്കെ പരിഗണിച്ചു കൊണ്ടുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കുട്ടികളുടെ സമഗ്രവികാസം ഉറപ്പുവരുത്താന്‍ കഴിയുക.

രണ്ടോ മൂന്നോ ആഴ്ച ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഒന്നാം ക്ലാസുമുറിയില്‍ നടക്കുക.പാഠഭാഗത്തേക്ക് കടക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെ പാഠഭാഗവുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ചെയ്യുക.എല്ലാകുട്ടികളുടേയും സജീവ പങ്കാളിത്തം പഠനത്തില്‍ ഉറപ്പുവരുത്താന്‍ അതുവഴി കഴിയും.അപ്പോഴാണ് ഒന്നാം ക്ലാസുകാര്‍ക്ക് വിദ്യാലയവും ക്ലാസും അവരുടെ പ്രയപ്പെട്ട ഇടമായി മാറുന്നത്.വിദ്യാലയത്തിലെ ഓരോ ദിനവും ഉത്സവമായി മാറുന്നത്.കുട്ടികളുടെ ഈ അനുഭവം ഒരിക്കലും കവയത്രി റോസ് മേരിയുടേതായിരിക്കാന്‍ വഴിയില്ല.







No comments:

Post a Comment